ടാങ്കർ അപകടം : മരണം 19 ആയി

single-img
2 September 2012

കണ്ണൂരിലെ ചാല ബൈപ്പാസിൽ പാചകവാതക ടാങ്കർ അപകടത്തിൽ പെട്ട് പൊട്ടിത്തെറിച്ചുണ്ടായ ദുരന്തത്തിൽ മരണം 19 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റിസ്വാൻ ആണ് മരിച്ചത്. ഇതോടെ കേരളം കണ്ട ഏറ്റവും വലിയ ഗ്യാസ് ടാങ്കർ ദുരന്തമായി മാറിയിരിക്കുകയാണിത്. അതേ സമയം ഇന്ത്യൻ ഓയിൽ കോർപ്പറേഷനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശരിയായ രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ഡ്രൈവറുടെ മേൽ മാത്രം വെച്ചു കെട്ടാൻ പാടില്ലെന്ന് അദേഹം പറഞ്ഞു. കോടികൾ ലാഭം നേടുന്ന സ്ഥാപനമായിട്ടും അതിലൊരംശം പോലും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് വിനിയോഗിക്കുന്നില്ലെന്നും തമിഴ്നാട്ടിലെ കരാറുകാരുമായി ചേർന്ന് ഒരു ഡ്രൈവറെ മാത്രം വെച്ച് ഗ്യാസ് ടാങ്കർ സർവ്വീസ് നടത്തുകയുമാണെന്ന് അദേഹം ആരോപിച്ചു. സർക്കാർ നൽകുന്ന 10 ലക്ഷം രൂപയ്ക്കു പുറമെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും 10 ലക്ഷം രൂപ വീതം നൽകണം. കൂടാതെ മരണപ്പെട്ടവരുടെയും ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെയും ആശ്രിതർക്ക് ജോലി നൽകാൻ സർക്കാറും കമ്പനിയും ബാധ്യസ്ഥരാണ്. അദേഹം പറഞ്ഞു.
കരുനാഗപ്പള്ളിയിൽ 12 പേരുടെ മരണത്തിനിടയാക്കിയ അപകട സമയത്ത് അടിയന്തിര മന്ത്രിസഭാ യോഗം നടത്തിയാണൂ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിച്ചത്. ചാല അപകടത്തിന്റെ പശ്ചാത്തലത്തിൽ അങ്ങനെ ഒന്ന് നടന്നിട്ടില്ല. തിങ്കളാഴ്ച നടത്തുമെന്നാണ് അറിയിപ്പു വന്നിരിക്കുന്നത്. ചാല പ്രദേശത്തിനു വേണ്ടി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും ജഡ്ജിയുടെ നേതൃത്വത്തിൽ ഉന്നതതലത്തിലുള്ള അന്വേഷണം നടത്തണമെന്നും അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

അതേസമയം അപകടത്തെ കുറിച്ച് കേന്ദ്ര അന്വേഷണം ഉണ്ടാകുമെന്ന് കേന്ദ്ര ഊർജ വകുപ്പ് സഹമന്ത്രി കെ.സി.വേണുഗോപാൽ പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ ശ്രമിക്കുമെന്നും ചെന്നിത്തല പറഞ്ഞു.