ഇന്ത്യ 353 ന് പുറത്ത് ; ന്യൂസിലാണ്ട് രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റിന് 110

single-img
2 September 2012

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 365 റൺസ് മറികടക്കാൻ ഇന്ത്യൻ നിരയ്ക്കായില്ല. ഉച്ച ഭക്ഷണത്തിന് മുൻപ് 353 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. ന്യൂസിലാണ്ട് നിരയിൽ 64 റൺസിന് 7 വിക്കറ്റെടുത്ത് ടിം സൌത്തി തിളങ്ങിയപ്പോൾ വിരാട് കോലിയുടെ സെഞ്ച്വറി (103) ഇന്ത്യൻ ഇന്നിംഗ്സിന് താങ്ങായി.ഇന്നിംഗ്സിലെ ആദ്യഘട്ടത്തിലെ തകർച്ചയ്ക്ക് ശേഷം കോലിയുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. 12 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലാണ്ട് ഇതുവരെ 27.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടിയിട്ടുണ്ട്. ഇതോടെ ന്യൂസിലാണ്ടിന്റെ ലീഡ് 123 റൺസായി.

ഒരു ഇന്നിംഗ്സിലെ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് സൌത്തി കാഴ്ച്കവെച്ചത്. ടെസ്റ്റിൽ 50 വിക്കറ്റ് അദേഹം പൂർത്തിയാക്കുകയും ചെയ്തു. 5ന് 283 എന്ന നിലയിൽ മൂന്നാം ദിവസത്തെ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് 40 റൺസ് ചേർക്കുന്നതിനിടയിൽ 4 വിക്കറ്റുകൾ കൂടി നഷ്ടമായി. പത്താം വിക്കറ്റിൽ ആർ.അശ്വിനും ഉമേഷ് യാദവും ചേർന്ന് നേടിയ 33 റൺസാണ് ന്യൂസിലാണ്ടിന്റെ ലീഡ് 12 ആക്കി കുറച്ചത്. അതിൽ 32 റൺസും അശ്വിന്റെ വകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി കോലിയ്ക്കു പുറമേ ക്യാപ്റ്റൻ ധോനി (62), സുരേഷ് റെയ്ന(55) എന്നിവർ മികച്ച പ്രകടനം നടത്തി.