കല്‍ക്കരി പാട വിതരണം: നഷ്ടമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ചിദംബരം

single-img
27 August 2012

കല്‍ക്കരിപാട വിതരണത്തില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി പി. ചിദംബരം. കല്‍ക്കരി പാടങ്ങളില്‍ ഖനനം നടന്നിട്ടില്ലെന്നും പിന്നെങ്ങനെ നഷ്ടമുണ്ടാകുമെന്നും വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം ചോദിച്ചിരുന്നു. ഒരു രൂപ പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു വിഭാഗം മാധ്യമങ്ങള്‍ ഇക്കാര്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നെന്ന് എഴുതി നല്‍കിയ പ്രസ്താവനയില്‍ ചിദംബരം പറഞ്ഞു. ഖനനം നടത്തി പുറത്തെടുത്ത ഒരു ടണ്‍ കല്‍ക്കരിയെങ്കിലും സ്വീകാര്യമല്ലാത്ത വിലയില്‍ വില്‍പന നടത്തിയെങ്കില്‍ മാത്രമല്ലേ നഷ്ടമുണ്ടാകൂ എന്നാണ് താന്‍ ചോദിച്ചതെന്നും ചിദംബരം വിശദീകരിക്കുന്നു. 57 ബ്ലോക്കുകളില്‍ ഏതിലെങ്കിലും നിന്ന് കല്‍ക്കരി ഖനനം ചെയ്താല്‍ മാത്രമേ ലാഭത്തിന്റെയോ നഷ്ടത്തിന്റെയോ ചോദ്യമുദിക്കുന്നുള്ളുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.