വീണ്ടും സുധാകര സംബന്ധ വെളിപ്പെടുത്തലുകള്‍

single-img
25 August 2012

കെ. സുധാകരന്‍ എംപിക്കെതിരേ വിവാദ വെളിപ്പെടുത്തലിനു കൂട്ടുനിന്നാല്‍ പത്ത് ലക്ഷം രൂപ തരാമെന്നു, വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത് ബാബു പറഞ്ഞതായി സുധാകരന്റെ ഡ്രൈവറുടെ മൊഴി. ഡ്രൈവര്‍ കെ. ഗിരീഷാണ് പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി കെ. ഉണ്ണിരാജ മുമ്പാകെ മൊഴി നല്‍കിയത്. തിരുവനന്തപുരത്ത് ടാക്‌സിഡ്രൈവറായി നിലവില്‍ ജോലി ചെയ്യുന്ന തന്നെ പ്രശാന്ത് ബാബു കണ്ണൂരില്‍ പത്രസമ്മേളനം നടത്തുന്നതിന് രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം വിനായക ഹോട്ടലിലേക്കു വിളിച്ചുവരുത്തിയാണ് പണം വാഗ്ദാനം ചെയ്‌തെന്നാണ് കെ. ഗിരീഷ് നല്‍കിയിരിക്കുന്ന മൊഴി. കെ. സുധാകരന്‍ എംപിക്കെതിരേ താന്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ ഒപ്പമിരുന്നാല്‍ അഞ്ചു ലക്ഷവും പത്രസമ്മേളനം കഴിഞ്ഞാല്‍ ബാക്കി അഞ്ച് ലക്ഷവും തരാമെന്നായിരുന്നു പ്രശാന്ത് ബാബുവിന്റെ വാഗ്ദാനമെന്നാണു ഗിരീഷ് മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ കെ. സുധാകരനുമായി അകന്നു കഴിയുകയാണെങ്കിലും തനിക്ക് കളവ് പറയാനാവില്ലന്നു പറഞ്ഞതായും ഗിരീഷിന്റെ മൊഴിയിലുണ്ട്. ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് എസ്പി ഉണ്ണിരാജ മൊഴിയെടുത്തത്. മൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സുധാകരന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന കണ്ണൂരിലെ അഭിഭാഷകന്‍ ടി.പി. ഹരീന്ദ്രനും സേവറി ഹോട്ടല്‍ അക്രമ ഗൂഢാലോചനയില്‍ പങ്കുണെ്ടന്ന പ്രശാന്ത് ബാബുവിന്റെ മൊഴിയെകുറിച്ച് ചോദിച്ചപ്പോള്‍ കെ. സുധാകരന്റെ കേസ് നടത്തുന്നതല്ലാതെ അക്കാലത്ത് വീട്ടിലോ ഡിസിസി ഓഫീസിലോ ഹരീന്ദ്രന്‍ വരാറില്ലായിരുന്നുവെന്നും ഗിരീഷ് വ്യക്തമാക്കി. സുധാകരന്റെ ഡ്രൈവറായിരിക്കെ സേവറി ഹോട്ടല്‍ ആക്രമിക്കാന്‍ കെ. സുധാകരന്‍ ഗൂഢാലോചന നടത്തിയതു താന്‍ അറിഞ്ഞിരുന്നുവെന്ന പ്രശാന്ത് ബാബുവിന്റെ വിവാദവെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്.