നീല്‍ ആംസ്‌ട്രോംഗ് വിടവാങ്ങി

single-img
25 August 2012

ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോംഗ് (82) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം ആരോഗ്യനില മോശമായി. ഇതേതുടര്‍ന്നാണ് മരണം സംഭവിച്ചത്. ആംസ്‌ട്രോംഗിന്റെ മരണ വാര്‍ത്ത ബന്ധുക്കളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്‌ട്രോംഗ് 82-ാം ജന്മദിനം ആഘോഷിച്ചത്.

1969 ജൂലൈ 20-നാണ് നീല്‍ ആംസ്‌ട്രോംഗ് അപ്പോളോ 11-ല്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ആംസ്‌ട്രോംഗ്, ബസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് അപ്പോള 11-ല്‍ ചന്ദ്രനിലെത്തിയത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയത് ആംസ്‌ട്രോംഗായിരുന്നു. പിന്നാലെ ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. മൂവര്‍ സംഘം 2.5 മണിക്കൂര്‍ അവിടെ ചെലവഴിച്ചു.

1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹിയോയിലാണ് നീല്‍ ആംസ്‌ട്രോംഗ് ജനിച്ചത്. ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്‌ട്രോംഗ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ടെസ്റ്റ് പൈലറ്റ്, സര്‍വകലാശാല അദ്ധ്യാപകന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവികസേന പൈലറ്റ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.