സിംഗൂര്‍ഭൂമി തിരിച്ചുപിടിക്കല്‍ നിയമം റദ്ദാക്കിയതിനു സ്റ്റേ

single-img
24 August 2012

സിംഗൂര്‍ ഭൂമി ഏറ്റെടുത്തുകൊണ്ടു പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കിയ കോല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസില്‍ ടാറ്റ മോട്ടോഴ്‌സിനു നോട്ടീസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരേ ഹര്‍ജി നല്‍കിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിംഗൂരില്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമി അന്നത്തെ ഇടതു സര്‍ക്കാര്‍ നാനോ കാര്‍ പ്ലാന്റിനായാണ് ടാറ്റായ്ക്കു നല്‍കിയത്. ഭൂമി നല്‍കിയ രണ്ടായിരത്തോളം കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു മമത ബാനര്‍ജി 400 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്കു ഭൂമി തിരിച്ചുനല്‍കാന്‍ മമത സര്‍ക്കാര്‍ സിംഗൂര്‍ ലാന്‍ഡ് റീഹാബിലിറ്റേഷന്‍ ഡെവലപ്‌മെന്റ് നിയമം പാസാക്കി. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ടാറ്റ അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ഇതിനെതിരേ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രീംകോടതി പരിഗണിച്ചത്.