പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി അനൂപ് ജേക്കബ്

single-img
24 August 2012

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില അമിതമായി വര്‍ധിപ്പിക്കുന്നതിനെതിരെയും പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. പിറവത്ത് കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 420-ഓളം റെയ്ഡുകള്‍ നടത്തിക്കഴിഞ്ഞു. 160 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. അടുത്ത ദിവസങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്തും. പല ഭാഗത്തുനിന്നും ദിനംപ്രതി പരാതികളും ലഭിക്കുന്നുണ്ട്. ഇത്തവണ സിവില്‍ സപ്ലൈസ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ ഓണത്തിന് വളരെ മുമ്പ് ഓണച്ചന്തകള്‍ ആരംഭിച്ചിരുന്നു. പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. ഓണച്ചന്തകളോട് അനുബന്ധമായി ആരംഭിച്ചിരിക്കുന്ന പച്ചക്കറി സ്റ്റാളുകള്‍ ഓണത്തിന് ശേഷവും തുടരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് തുടരുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണന്നും അനൂപ് പറഞ്ഞു.