ഗ്വാട്ടിമാലയിലെ മുന്‍ പോലീസ് മേധാവിക്ക് 70 വര്‍ഷം തടവുശിക്ഷ

single-img
23 August 2012

ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധകാലത്ത് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി എഡ്ഗാര്‍ സാനെസിനെ തട്ടിക്കൊണ്ടുപോകാന്‍ ഉത്തരവു നല്‍കിയെന്ന കേസില്‍ പോലീസ് മേധാവി പെട്രോ ഗാര്‍സ്യയ്ക്ക് 70 വര്‍ഷം തടവ്. 1981ല്‍ കാണാതായ സാനെസിനെക്കുറിച്ച് പിന്നീട് വിവരമൊന്നും കിട്ടിയില്ല. 1980ല്‍ സ്പാനിഷ് എംബസി കത്തിച്ച കേസിലും ഗാര്‍സ്യ വിചാരണ നേരിടുകയാണ്. പ്രസ്തുത സംഭവത്തില്‍ 36 പേരാണു കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു മുന്‍ ചാരന്മാര്‍ക്ക് ഗ്വാട്ടിമാലന്‍ കോടതി കഴിഞ്ഞവര്‍ഷം 40 വര്‍ഷം വീതം തടവുശിക്ഷ നല്‍കുകയുണ്ടായി. 1960 മുതല്‍ 1996വരെ ദീര്‍ഘിച്ച ആഭ്യന്തരയുദ്ധകാലത്ത് ഗ്വാട്ടിമാലയില്‍ 200,000 പേര്‍ക്കു ജീവഹാനി നേരിട്ടെന്നാണു കണക്ക്. 45,000 പേരെ കാണാതായി. വലതുപക്ഷ സര്‍ക്കാരിനെതിരേ ഇടതുഗറില്ലകള്‍ അഴിച്ചുവിട്ട സമരം ഏറെ രക്തച്ചൊരിച്ചിലിനിടയാക്കി. സമരക്കാരെ സര്‍ക്കാര്‍ പീഡിപ്പിച്ചതിന്റെ രേഖകള്‍ പോലീസ് റിക്കാര്‍ഡുകളിലുണ്ട്.