രാജ്യത്ത് രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്: പിണറായി

single-img
21 August 2012

രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ടാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വിലക്കയറ്റത്തിനെതിരേ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് പണം നല്‍കാന്‍ ഇല്ലാത്ത സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് പണം നല്‍കുന്നു. കേര്‍പ്പറേറ്റുകള്‍ രാജ്യത്തെ ധാതുക്കള്‍ കൊള്ളയടിക്കുകയാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ കുട്ടുനില്‍ക്കുകയാണ്. കല്‍ക്കരി ബ്ലോക്കുകളിലെ വിതരണത്തില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയിട്ടുണ്‌ടെന്ന് പ്രഥമ ദൃഷ്ട്യാ വ്യക്തമാണ്. രാജ്യത്തിന് മുന്നില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ ഊഹക്കച്ചവടവും അവധി വ്യാപാരവും നിര്‍ത്തലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ആരോഗ്യ, പൊതുവിതരണ മേഖലകള്‍ താറുമാറായിരിക്കുകയാണ്. റംസാനും ഓണവും ജനങ്ങള്‍ക്ക് ആഘോഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കര്‍ഷകര്‍ക്ക് ഗുണകരമായ ഒരുകാര്യവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.