കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവ്വീസുകൾ ഒക്ടോബർ ആറു മുതൽ

single-img
21 August 2012

കോഴിക്കോട്:ഈ വർഷത്തെ ഹജ്ജിനായുള്ള കേരളത്തിൽ നിന്നുള്ള ആദ്യ വിമാന സർവ്വീസ് ഒക്ടോബർ ആറു മുതൽ ആരംഭിക്കും.രാവിലെ 6:30ന് കരിപ്പൂരിൽ നിന്നും പുറപ്പെടുന്ന വിമാനം ജിദ്ദയിൽ ഇറങ്ങും. 17 ദിവസങ്ങളിലായി 21 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്കു നടത്തുക. 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് സര്‍വീസിന് ഉണ്ടാവുക. 9, 10, 17 തീയതികളില്‍ ഓരോ വിമാനവും മറ്റു ദിവസങ്ങളില്‍ രണ്ടു വിമാനങ്ങൾ വീതവും സര്‍വീസ് നടത്തും.ഹജ്ജ് ക്യാംപും ഹജ്ജ് സര്‍വീസും സംബന്ധിച്ച കാര്യങ്ങള്‍ക്ക് അടുത്തമാസം ആറിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം കരിപ്പൂരില്‍ ചേരും.കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നും മദീനയിലേക്കാണ്‌ വിമാന സര്‍വീസ്‌ നടത്തിയിരുന്നത്‌.എന്നാൽ ഇപ്പോൾ കരിപ്പൂരില്‍നിന്നു ജിദ്ദയിലേക്ക് കൊണ്ടു പോകുന്ന തീര്‍ഥാടകരെ അവിടെ നിന്നു വാഹനത്തില്‍ മക്കയില്‍ എത്തിക്കും. മദീന സന്ദര്‍ശനം കഴിഞ്ഞ് ഹജ്ജ് നിര്‍വഹിച്ചതിനു ശേഷം ജിദ്ദ വഴി കരിപ്പൂരിലേക്ക് മടങ്ങും. കേരളത്തില്‍ നിന്നും ഇത്തവണ 8285 പേര്‍ക്കാണ്‌ ഇതുവരെ ഹജ്‌ജിനു അവസരം ലഭിച്ചിരിക്കുന്നത്‌.