ഹസന്‍ ആര്‍ത്തിപൂണ്ട ദേശാടനപ്പക്ഷിയെന്നു വി.ഡി. സതീശനും ടി.എന്‍. പ്രതാപനും

single-img
21 August 2012

എം.എം. ഹസന്‍ ആര്‍ത്തിപൂണ്ട ദേശാടനപ്പക്ഷിയാണെന്നു കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശനും ടി.എന്‍. പ്രതാപനും. ആര്‍ത്തിരാഷ്ട്രീയമെന്നു തങ്ങളുടെ രാഷ്ട്രീയത്തെപ്പറ്റി ഹസന്‍ പറയുമ്പോള്‍ ഒരു കാര്യം അദ്ദേഹം വിസ്മരിക്കുന്നു. കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി നിലനിര്‍ത്തിയിരുന്ന നിയോജകമണ്ഡലങ്ങളിലേക്ക് ആര്‍ത്തിപൂണ്ട ദേശാടനപ്പക്ഷിയെപ്പോലെ പറന്നിറങ്ങി പിന്നീടത് ഒരിക്കലും യുഡിഎഫ് ജയിക്കാത്ത മണ്ഡലമാക്കി മാറ്റിയതു ഹസനാണ്. ഹസനെ തങ്ങള്‍ക്കു വേണെ്ടന്ന് എല്ലാ നിയോജകമണ്ഡലങ്ങളില്‍ നിന്നും കോണ്‍ഗ്രസുകാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്നും എംഎല്‍എമാര്‍ പത്രക്കുറിപ്പില്‍ ചോദിച്ചു.

തങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ പോയി ജയിക്കുകയും ഓരോ പ്രാവശ്യവും ഭൂരിപക്ഷം കൂട്ടി യുഡിഎഫിന്റെ വളക്കൂറുള്ള മണ്ണാക്കി ഈ പ്രദേശങ്ങളെ മാറ്റുകയും ചെയ്തവരാണ്. വിയര്‍പ്പൊഴുക്കാതെ പ്രസ്താവന നടത്തി ജീവിക്കുന്നവരാണ് ആര്‍ത്തിക്കാരെന്നു കേരളം തിരിച്ചറിയുമെന്നും സതീശനും പ്രതാപനും പറഞ്ഞു. ഹാരിസണ്‍സ് കേസിലും മൂന്നാറിലും തങ്ങള്‍ ഇടപെടാത്തത് എന്തുകൊണ്ടാണെന്നാണു ഹസന്‍ ചോദിച്ചത്. ഹാരിസണ്‍സും മൂന്നാറും ഉള്‍പ്പെടെ ഒരു ഡസന്‍ ഭൂമിപ്രശ്‌നങ്ങള്‍ നിയമസഭയ്ക്കകത്തും പുറത്തും തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതു കോണ്‍ഗ്രസ് വക്താവ് അറിഞ്ഞില്ലെന്നത് അദ്ഭുതകരമാണ്.