ഭക്ഷ്യ വിഷബാധ:68 കുട്ടികൾ ആശുപത്രിയിൽ

single-img
21 August 2012

കോട്ടയം:പട്ടിക ജാതി വികസന വകുപ്പിന്റെ കീഴിലുള്ള പീരുമേട് തമിഴ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷ ബാധയെത്തുടർന്ന് 68 കുട്ടികളെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല.നന്നായി പാചകം ചെയ്യാത്ത മീൻ കറിയിൽ നിന്നോ വൻ പയറിൽ നിന്നോ ആണ് വിഷബാധയെന്നാണ് പ്രാഥമിക നിഗമനം.നിലവാരം കുറഞ്ഞ ഭക്ഷണം കഴിച്ചതിനാലാണ് അസ്വസ്ഥതയുണ്ടായതെന്നാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് കഞ്ഞിയും മീൻ കറിയും രാത്രി കപ്പയും മീൻ കറിയുമാണ് കഴിച്ചതെന്ന് കുട്ടികൾ പറയുന്നു.അന്ന് തന്നെ പനിയും തലവേദനയും അനുഭവപ്പെട്ട ഏഴു വിദ്യാർത്ഥികളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചിരുന്നു. രാത്രി 8 മണിയോടെ ഇവരുൾപ്പടെ കൂടുതൽ കുട്ടികൾ അസ്വസ്ഥത പ്രകടിപ്പിച്ചു. ഉടൻതന്നെ എല്ലാവരേയും പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. രാത്രിയിൽ സാധാരണനില കൈവരിച്ച കുട്ടികൾ ഇന്നലെ രാവിലെ 7 മണിയോടെ ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.അഞ്ചാംക്ലാസുമുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള പട്ടികജാതിക്കാരായ 265 വിദ്യാർത്ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.ഇവരിൽഅഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ശാരീരികഅസ്വാസ്ഥ്യം അനുഭവപ്പെട്ടത്.