കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രി യാത്ര മാറ്റിവച്ചു

single-img
20 August 2012

പുനസംഘടനയുമായി ബന്ധപ്പെട്ട് കോണഗ്രസില്‍ രപതിസന്ധിരൂക്ഷം. ഏകദേശ ധാരണയുണ്ടാക്കി ലിസ്റ്റുമായി ഇന്നു ഡല്‍ഹിയ്ക്ക് വിമാനം കയറാന്‍ തീരുമാനിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും അവസാന നിമിഷം യാത്ര മാറ്റിവച്ചു. മുതിര്‍ന്ന നേതാക്കളുടെയടക്കം സ്ഥാനങ്ങള്‍ സംബന്ധിച്ച് വേണ്ടത്ര ചര്‍ച്ച നടത്താതെ ഏകപക്ഷീയമായ ലിസ്റ്റുമായി നേതാക്കള്‍ ഡല്‍ഹിയ്ക്ക് പോയാല്‍ അത് അംഗീകരിക്കില്ലെന്ന ശക്തമായ അഭിപ്രായം ചില കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചതോടെയാണ് ഇവര്‍ യാത്ര മാറ്റിവച്ചത്.

ഡി.സി.സി പ്രസിഡന്റ് സ്ഥാനം എഴുവീതം എ, ഐ ഗ്രൂപ്പുകള്‍ വീതംവച്ചെടുത്തതില്‍ കടുത്ത അമര്‍ഷമാണ് വയലാര്‍രവി, കെമുരളീധരന്‍, പത്മജാ വേണുഗോപാല്‍, പി.സി ചാക്കോ എന്നിവര്‍ പ്രധാനം ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കുള്ളത്. പല ഡി.സി.സികളും തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ഈ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ചെങ്കിലും അവസാന നിമിഷവും എ,ഐ ഗ്രൂപ്പുകള്‍ തുല്യമായി സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഇതോടെയാണ് കടുത്ത പ്രതിഷേധവുമായി നേതാക്കള്‍ രംഗത്ത് എത്തിയത്.

ഡി.സി.സി പ്രസിഡന്റുമാരെക്കൂടാതെ കെ.പി.സി.സി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നീ സ്ഥാനങ്ങളിലെല്ലാം എ,ഐ ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ക്ക് തന്നെയാണ് മുന്‍തൂക്കം. ഇക്കാര്യത്തിലും അസംതൃപ്തരുടെ എണ്ണം കൂടിയിട്ടുണ്ട്. നിലവിലെ ഭാരവാഹികളായവരില്‍ പലരും പട്ടികയില്‍ നിന്ന് ഒഴിവായിട്ടുണെ്ടങ്കിലും ഇവരുടെ നോമിനികളെ തന്നെ വീണ്ടും അതേ സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ശ്രമിക്കുന്നതില്‍ കടുത്ത വിയോജിപ്പാണ് ഉയര്‍ന്നിട്ടുള്ളത്. ഒരു ഗ്രൂപ്പിന്റേയും ഭാഗമല്ലാതെ നില്‍ക്കുന്നവരും പട്ടികയില്‍ കയറിപ്പറ്റിയിട്ടില്ല. ഈ സാഹചര്യത്തില്‍ പുന:സംഘടന വീണ്ടും കീറാമുട്ടിയായിരിക്കുകയാണ്.