ഡേവിസ് കപ്പ് ; ഭൂപതി, ബൊപ്പണ്ണ പുറത്ത്

single-img
19 August 2012

ലണ്ടൻ ഒളിമ്പിക്സിലെ ടീം തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ വിവാദങ്ങൾക്ക് കാരണക്കാരായ മഹേഷ് – ബൊപ്പണ്ണ സഖ്യത്തെ ന്യൂ സിലാന്റിനെതിരെയുള്ള ഡേവിസ് കപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. അടുത്ത മാസം 14 മുതൽ 16 വരെ ചണ്ഡീഗഡിൽ നടക്കുന്ന ഏഷ്യ- ഓഷ്യാനിയ ഗ്രൂപ്പ് മത്സരങ്ങളിലേയ്ക്ക് യുവ ടീമിനെയാണ് അഖിലേന്ത്യാ ടെന്നീസ് ഫെഡറേഷൻ തെരഞ്ഞെടുത്തിരിക്കുന്നത്. വെറ്ററൻ താരം ലിയാണ്ടർ പേസും ഇന്ത്യയുടെ ഒന്നാം നമ്പർ സിംഗിൾസ് താരം സോംദേവ് ദേവ് വർമ്മനും തങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ലോക റാങ്കിങ്ങിലെ 191-‍ാ സ്ഥാനക്കാരനായ യുക്കി ഫാംബ്രി നയിക്കുന്ന ടീമിൽ പേസിനൊപ്പം ലണ്ടനിൽ കളിച്ച വിഷ്ണു വർധൻ, സകേത് മൈനേനി, ശ്രീരാം ബാലാജി, സനം സിങ്ങ്, ദിവിജ് ശരൺ എന്നിവരാണ് ഉള്ളത്.

അച്ചടക്ക ലംഘനം യാതൊരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്ന ശക്തമായ താക്കീതാണ് ടീം തെരഞ്ഞെടുപ്പിലൂടെ ഫെഡറേഷൻ കളിക്കാർക്ക് നൽകിയിരിക്കുന്നത്. പേസിനൊപ്പം കളിക്കാനകില്ലെന്ന ഭൂപതിയുടെയും ബൊപ്പണ്ണയുടെയും പ്രഖ്യാപനം ഒളിമ്പിക്സിനൊരുങ്ങുകയായിരുന്ന ഇന്ത്യൻ സംഘത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഒടുവിൽ ജൂനിയർ താരം വിഷ്ണ്ണു വർധനൊപ്പമാണ് പേസ് ലണ്ടനിൽ കളിച്ചത്. പതിനേഴു വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് ഭൂപതിയോ പേസോ ഇല്ലാതെ ഇന്ത്യ ഡേവിസ് കപ്പ് മത്സരങ്ങളിൽ ഇന്ത്യ പങ്കെടുക്കുന്നത്.