ഉണ്ണി മുകുന്ദൻ ഒറീസ്സയിലേക്ക്

single-img
17 August 2012

പ്രശസ്ത സംവിധായകൻ എം.പത്മകുമാറിന്റെ പുതിയ ചിത്രമായ ‘ഒറീസ‘യിൽ ഉണ്ണി മുകുന്ദൻ നായകനാകുന്നു.ഈ ചിത്രത്തിൽ പോലീസ് ഓഫീസറിന്റെ വേഷമായിരിക്കും ഉണ്ണി ചെയ്യുക.ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ ഒറീസയും അവിടത്തെ സാമൂഹിക സാഹചര്യങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ഈ സംസ്ഥാനത്ത് നിന്ന് ശുഭകരമായ വാര്‍ത്തകള്‍ അല്ല പുറത്തുവരാറുള്ളത്. ജന്മിമാരുടെ കാല്‍ച്ചുവട്ടില്‍ ജീവിതം ഹോമിക്കേണ്ടിവരുന്ന താഴ്ന്ന ജാതിക്കാരും‍, കഴുകന്‍ കണ്ണുകളുമായി തങ്ങളെ കൊത്തിപ്പറിക്കാന്‍ എത്തുന്ന നാട്ടുപ്രമാണിമാരെ ഭയന്ന് ജീവിക്കുന്ന പെണ്‍കുട്ടികളും, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരില്‍ നടക്കുന്ന ക്രൂരതകൾ‍- ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് ഒറീസ എപ്പോഴും പുറം‌ലോകത്തിന് നല്‍കാറുള്ളത്. ഒറിയന്‍ ഗ്രാമത്തിലെ ജന്മിമാരുടെ കൊടിയ പീഡനം ഏല്‍ക്കേണ്ടിവരുന്ന അമ്മയുടെയും മക്കളുടെയും കഥയാണ് ഈ സിനിമ. ഇവിടെയെത്തുന്ന ക്രിസ്തുദാസ് എന്ന മലയാളി പോലീസ് ഓഫിസറുടെ വേഷമാണ് ഉണ്ണിമുകുന്ദന്. ജി എസ് അനില്‍ ആണ് ‘ഒറീസ’യുടെ തിരക്കഥയൊരുക്കുന്നത്. ക്യാമറാമാന്‍ വിനോദ് ഇല്ലമ്പിള്ളി,സംഗീതം രതീഷ് വേഗ, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, മേക്കപ്പ് രതീഷ് അമ്പാടി, ഹീര ഫിലിംസിന്റെ ബാനറില്‍ മാധവന്‍ എടപ്പാളാണ് ചിത്രം നിര്‍മിക്കുന്നത്. നെടുമുടി വേണുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല.