കോതമംഗലത്ത് ഉരുള്‍പൊട്ടല്‍: നാലു മരണം

single-img
17 August 2012

കോതമംഗലം താലൂക്കിലെ പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍പ്പെട്ട കടവൂര്‍ നാലാം ബ്ലോക്കില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. മൂന്നു പേരെ കാണാതായി. ഏഴു വീടുകള്‍ ഒലിച്ചുപോയി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണു ദുരന്തമുണ്ടായത്. നാലാം ബ്ലോക്ക് വട്ടക്കുന്നേല്‍ ഔസേഫ് (65), കടുവാക്കുഴി മധു (52), മാടയ്ക്കാപ്പള്ളി ഐപ്പിന്റെ ഭാര്യ ലീല (55), താന്നിക്കുഴി നാരായണന്‍ (60) എന്നിവരാണു മരിച്ചത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചില്‍ കണ്ടുനിന്ന നാരായണന്‍ കുഴഞ്ഞുവീ ഴുകയായിരുന്നു. തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടുവാക്കുഴി മധുവിന്റെ ഭാര്യ നളിനി (47), മാടയ്ക്കാപ്പള്ളി ഐപ്പ് (58) എന്നിവരെയാണു കാണാതായത്. ഐപ്പിന്റെ വീട്ടില്‍ ഇന്നലെ രാവിലെ എത്തിയ അതിഥിയെയും കാണാതായതായി സംശയമുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കടുവാക്കുഴി മധുവിന്റെ മകന്‍ രാജേഷിനെ (26) രക്ഷപ്പെടുത്തി.