ഇടുക്കിയില്‍ മഴ കനത്തു; അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു

single-img
17 August 2012

ഇടുക്കിയില്‍ മഴ കനത്തു. അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നുതുടങ്ങി.ഇടുക്കി പദ്ധതി പ്രദേശത്ത് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂര്‍ സമയത്തെ കണക്കുപ്രകാരം 84.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഈ സീസണില്‍ ലഭിച്ച റിക്കാര്‍ഡ് മഴയാണിത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ആനുപാതികമായി വര്‍ധിച്ചിട്ടുണ്ട്. 311.494 മില്യണ്‍ ക്യുബിക് അടി ജലം ഒഴുകിയെത്തിയിരുന്നു. ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ് 2314.48 അടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ചത്തേക്കാള്‍ ഒരടിയോളം കൂടുതലാണിത്. എന്നാല്‍, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 60 അടി കുറവാണ് അണക്കെട്ടിലെ ജലനിരപ്പ്. വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന ജലത്തിന്റെ അളവ് 19.36 ശതമാനമാണ്. ഇന്നലെ ഉത്പാദിപ്പിച്ച വൈദ്യുതി 4.655 മില്യണ്‍ യൂണിറ്റാണ്.