നഴ്‌സുമാരുടെ സമരം വിജയകരമായി ഒത്തുതീര്‍ന്നു

single-img
16 August 2012

മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് വിജയകരമായ അന്ത്യം. സമരത്തിലായിരുന്ന നഴ്‌സുമാരുടെ മൂന്നു പ്രതിനിധികള്‍ ജീവനൊടുക്കല്‍ഭീഷണി മുഴക്കി ആശുപത്രി മന്ദിരത്തിനു മുകളില്‍ നിലയുറപ്പിച്ചതിനെത്തുടര്‍ന്നു പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനിന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 23നു ജോലിയിലുണ്ടായിരുന്ന എല്ലാ നഴ്‌സിംഗ് ജീവനക്കാരും ഇന്നലെ മുതല്‍ ജോലിയില്‍ പ്രവേശിക്കുമെന്നും ഏപ്രില്‍ 23ലെ തത്സ്ഥിതി തുടരുമെന്നും ഒത്തുതീര്‍പ്പില്‍ പറയുന്നു. സേവന- വേതന വ്യവസ്ഥ സംബന്ധിച്ചു കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയിലുണ്ടായ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തൊഴില്‍, ആരോഗ്യ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ 19നു ചര്‍ച്ച നടത്തും. ഡ്യൂട്ടി ഷിഫ്റ്റുകള്‍ പുനഃക്രമീകരിക്കും. എല്ലാ ജീവനക്കാര്‍ക്കും മിനിമം വേതനം ഉറപ്പാക്കും.