സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പണിമുടക്കുന്നു

single-img
16 August 2012

തിരുവനന്തപുരം:മാതാ അമൃതാനന്ദമയിയെ ആക്രമിക്കാൻ ശ്രമിച്ച സത്നാംസിംഗ് മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർമാരെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പണിമുടക്ക് നടത്തുന്നു.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം,കൊല്ലം ജില്ലാ ആശുപത്രി,കരുനാഗപ്പള്ളി താലൂക്കാശുപത്രി എന്നിവിടങ്ങളിലെ ഡോക്ടർമാരാണ് പണി മുടക്ക് നടത്തുന്നത്.ആറ് ഡോക്ടർമാർക്കെതിരെയും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റിനുമെതിരെ ഇന്നലെ നടപടിയെടുത്തിരുന്നു.സത്നാംസിംഗിന്റെ ചികിത്സയ്ക്ക് പിഴവ് വരുത്തിയെന്നും രോഗം ഭേദമായ വർക്കിംഗ് പേഷ്യന്റ്സായി ഉപയോഗിക്കുന്നു എന്നും കണ്ടെത്തിയതിനെത്തുടർന്നാണ് ഈ കൂട്ട നടപടി. കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെ ഡോക്ടര്‍മാരായ ചിന്ത സുകുമാരന്‍, കിരണ്‍, കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോ. ഹരീഷ്മണി, പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ആർ‍.എം.ഒ. ഡോ. മായ രഘുവരന്‍, ഡോ.രാമചന്ദ്രന്‍നായര്‍ എന്നിവരെയാണ് സ്ഥലംമാറ്റിയത്. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ എന്‍.ആർ‍.എച്ച്.എം. നിയമിച്ച താത്കാലിക ഡോക്ടര്‍ വീണ തിലകിനെ പിരിച്ചുവിട്ടിടുകയും ചെയ്തിരുന്നു.ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ.രമണിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥനത്തിലായിരുന്നു നടപടി.ഈ കൂട്ട നടപടിക്കു പുറമെയാണ് കെ.ജി.ഒ.എ പണിമുടക്ക് പ്രഖ്യാപിച്ചത്.