തെളിഞ്ഞത് പൊപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവം; മുസ്‌ലിം യൂത്ത് ലീഗ്

single-img
14 August 2012

പൊപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ സ്വഭാവമാണ് പറവൂര്‍ വാണിയക്കാട് മഹല്ല് ഭാരവാഹി നാസറിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതുവഴി വീണ്ടും തെളിഞ്ഞിരിക്കയാണെന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുസ്‌ലിം സമുദായത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുണ്യമാസമായ റംസാനില്‍ സുബഹി നമസ്‌കാരം കഴിഞ്ഞു മടങ്ങുമ്പോഴാണ് പള്ളിയില്‍ നിന്ന് ഒപ്പം പിന്തുടര്‍ന്ന അക്രമികള്‍ നാസറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. നാസറിന്റെ ബന്ധുക്കളെ ഉപയോഗിച്ച് ആക്രമണം നടത്തി കുടുംബവഴക്കായി ചിത്രീകരിക്കാനായിരുന്നു ശ്രമം. കുടുംബവഴക്കായി ഇതിനെ കാണാനാകില്ല. പോപ്പുലര്‍ ഫ്രണ്ടിന് മഹല്ല് ഭരണം നഷ്ടമായതിന്റെ പ്രതികാരമായാണു നാസറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു സാദിഖലി ആരോപിച്ചു. നിരോധിത സംഘടനയായ സിമിയുടെ ഉപോത്പന്നമാണ് എന്‍ഡിഎഫ്. കൊലപാതകശ്രമത്തില്‍ സിമിയുടെ മുന്‍ നേതാക്കളുടെ ബന്ധം വ്യക്തമാണ്. സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിലാണു കൊലപാതകത്തിനുള്ള ഗൂഢാലോചന നടത്തിയത്. കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും സാദിഖലി ആവശ്യപ്പെട്ടു.