രാജ്യം 66 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

single-img
14 August 2012

രാജ്യം 66-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ലഹരിയില്‍. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. ഇതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഇതുവരെ നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും ധാരളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. യൂറോപ്പിലേയും മറ്റു പാശ്ചാത്യരാജ്യങ്ങളിലും തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യയെയും ബാധിച്ചിട്ടുണ്ട്. ഈ വര്‍ഷം മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തു മഴയുടെ കുറവ് ഭക്ഷ്യസുരക്ഷയെ ബാധിച്ചതായും ഇതു അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കാന്‍ കാരണമായെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സമവായമില്ലാത്തതു രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്‌ടെന്നും അഴിമതി തുടച്ചുനീക്കാന്‍ ആവശ്യമായ ലോക്പാല്‍ ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തു സമ്പൂര്‍ണ വൈദ്യുത വത്കരണം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ യഥാര്‍ഥ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ രാജ്യത്തിനു കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.