തലസ്ഥാനത്തു കുടിവെള്ള വിതരണത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു ജല അഥോറിറ്റി

single-img
14 August 2012

തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലേക്കും ആവശ്യമായ കുടിവെള്ളം ശേഖരിക്കുന്ന പ്രധാന സ്രോതസായ പേപ്പാറ ഡാമിലെ ജലനിരപ്പു താഴ്ന്ന നിലയിലെത്തിയതോടെ കുടിവെളള വിതരണത്തിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു ജല അഥോറിറ്റി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം സമര്‍പ്പിച്ചു. പേപ്പാറയില്‍ നിന്നു ജലം അരിവിക്കരയിലെത്തിച്ചു ശുദ്ധീകരിച്ചാണു നഗരത്തില്‍ വിതരണം ചെയ്യുന്നത്. പേപ്പാറയില്‍ നിന്നുള്ള ജലം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 18 ജല വിതരണ പദ്ധതികളുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ അടക്കം എല്ലാവിഭാഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് ജലഅഥോറിറ്റി മുന്നോട്ടുവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ പകുതി വരെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ നിയന്ത്രണം അത്യാവശ്യമാണ്. 24 മണിക്കൂറുമുള്ള ജല വിതരണം 12 മണിക്കൂറായി കുറയ്ക്കുക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ അടക്കമുള്ള വാണിജ്യസ്ഥാപനങ്ങള്‍ക്കും ജല ഉപയോഗത്തിനു കര്‍ശന നിയന്ത്രണം കൊണ്ടുവരിക, പുതിയ വാട്ടര്‍ കണക്ഷനുകള്‍ പ്രതിസന്ധി തീരുന്നതുവരെ നല്‍കാതിരിക്കുക എന്നിവയാണ് ജല അഥോറിറ്റി മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.