യു.ഡി.എഫ്‌സര്‍ക്കാരിന് രണ്ടുതരം നീതി: പിണറായി വിജയന്‍

single-img
13 August 2012

യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ടുതരം നീതിയാണ് നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എസ്എഫ്‌ഐ നേതാവ് അനീഷ് രാജന്റെ കുടുംബസഹായഫണ്ട് വിതരണം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയാലും സംഘര്‍ഷത്തില്‍ മരിച്ചതാണെന്ന് പ്രചാരണം നടത്തും. എന്ത് പ്രശ്‌നത്തിലും സിപിഎമ്മിനെ കുറ്റപ്പെടുത്താനാണ് നീക്കം നടത്തുന്നത്. അനീഷ് രാജന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഒന്നിലും പങ്കില്ലെന്ന നിലപാട് സ്വീകരിച്ച പോലീസ് സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കാനാണ് ശ്രമിക്കുന്നത്.

ചന്ദ്രശേഖര്‍ വധത്തിലും ഷുക്കൂര്‍, മനോജ് വധങ്ങളിലും സിപിഎമ്മിനെ ഇല്ലായ്മചെയ്യാന്‍ പോലീസും മാധ്യമങ്ങളും ബോധപൂര്‍വം ശ്രമം നടത്തി. ഇതിന്റെ ഫലമായി സിപിഎമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിച്ചു. ഇതുപോലെ പല കേസുകളിലും പോലീസ് കഥ മെനയുകയാണ്. നേതാക്കളെയെല്ലാം കള്ളക്കേസില്‍ കുടുക്കാന്‍ വ്യഗ്രത കാട്ടുകയാണ്. യഥാര്‍ഥ പ്രതികളെ അറിയാമെങ്കിലും സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

അനീഷ് രാജന്റെ മാതാപിതാക്കള്‍ക്ക് ആറുലക്ഷം രൂപയുടെ ചെക്ക് പിണറായി വിജയന്‍ കൈമാറി. യോഗത്തില്‍ സിപിഎം ജില്ലാസെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ, എന്‍.കെ. ഗോപിനാഥന്‍, പി.എം.എം. ബഷീര്‍, കെ.എന്‍. മോഹനന്‍, പി.എസ്. മോഹനന്‍, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ബിനീഷ്, പ്രസിഡന്റ് ഷിജുഖാന്‍, എം. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.