പാക്കിസ്ഥാനില്‍ നിന്നു ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയിലെത്തി

single-img
13 August 2012

പാക്കിസ്ഥാനിലെ ന്യൂനപക്ഷവിഭാഗമായ ഹിന്ദുക്കളും സിക്കുകാരും കൊടിയ പീഡനങ്ങള്‍ നേരിടുന്നതായി സാക്ഷ്യം. പാക്കിസ്ഥാനില്‍ നിന്നു ഇന്ത്യയിലെത്തിയ മൂന്നാമത്തെ ബാച്ച് ഹിന്ദു കുടുംബങ്ങളിലെ അംഗങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളില്‍ നിന്നായി ഇതിനോടകം 250ഓളം ഹിന്ദുമത വിശ്വാസികളാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകളെ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇവര്‍ വെളിപ്പെടുത്തി. ഇതിനിടെ വ്യാപക കൊള്ളയ്ക്കും ഹിന്ദുക്കള്‍ ഇരയാകുന്നു. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുന്നതും ഏറിവരികയാണ്. അടുത്തിടെയാണ് സിന്ധ് പ്രവിശ്യയില്‍ നിന്ന് ഒരു ഹിന്ദു പെണ്‍കുട്ടിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇന്നലെ മൂന്നു കുടുംബങ്ങളിലെ 14 ഹിന്ദുമത വിശ്വാസികളാണ് പാക്കിസ്ഥാനില്‍ നിന്നു ഇന്ത്യന്‍ മണ്ണില്‍ അഭയംതേടിയത്. സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായ തങ്ങളെ അടിമകളോടെന്ന പോലെയാണ് മതമൗലികവാദികള്‍ പെരുമാറിയിരുന്നതെന്ന് സംഘം വെളിപ്പെടുത്തി. ഹിന്ദു ആചാരങ്ങളും ആഘോഷങ്ങളും പാക്കിസ്ഥാനില്‍ തങ്ങള്‍ക്കു നിഷേധിക്കപ്പെട്ടതായും തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തങ്ങള്‍ക്കു സാധിച്ചിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.