കിംഗ്ഫിഷറിന്റെ നഷ്ടം 651 കോടിയായി

single-img
12 August 2012

പ്രതിസന്ധിയിലേക്കു മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്ന സ്വകാര്യ വിമാനക്കമ്പനിയായ കിംഗ്ഫിഷറിന്റെ നഷ്ടം 651 കോടിയായി ഉയര്‍ന്നു. ജൂണ്‍ 30 വരെയുള്ള സാമ്പത്തികപാദത്തിലെ റിപ്പോര്‍ട്ടു പുറത്തുവിട്ടപ്പോഴാണ് നഷ്ടക്കണക്ക് ഉയര്‍ന്നതായി കണ്ടത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 265.3 കോടിയായിരുന്നു നഷ്ടം. അതേസമയം വരുമാനം കഴിഞ്ഞവര്‍ഷത്തെ 1907 കോടിയില്‍ നിന്ന് 301.4 കോടിയായി താഴ്ന്നു. വരുമാനത്തില്‍ 83.72 കോടിയുടെ ഇടിവാണുണ്ടായത്. ഇന്ധനവിലയിലുണ്ടായ വര്‍ധന, ഉയര്‍ന്ന പലിശനിരക്ക്, രൂപയുടെ വിലയിടിവ്, അധികച്ചെലവ് തുടങ്ങിയവയാണ് വിമാനക്കമ്പനിയെ നഷ്ടത്തിലാക്കിയത്. കമ്പനിയുടെ ഓഹരിവില വെള്ളിയാഴ്ച മുഖവിലയേക്കാള്‍ താഴ്ന്നിരുന്നു. 7.40 രൂപയ്ക്കാണ് ഒടുവില്‍ ക്ലോസ് ചെയ്തത്. ഓഹരിവിലയില്‍ 11.06 ശതമാനം ഇടിവുണ്ടായി. ഈവര്‍ഷം ഓഹരിവിലയില്‍ 65% താഴ്ചയുണ്ടായി. വരുമാനം വര്‍ധിപ്പിച്ച് ലാഭത്തിന്റെ പാതയില്‍ തിരികെ എത്താമെന്നാണ് കിംഗ്ഫിഷര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പണം കിട്ടുന്നതിനായി അനവധി നിക്ഷേപകരും ധനകാര്യസ്ഥാപനങ്ങളുമായി കമ്പനി ഉടമ വിജയ് മല്യ ചര്‍ച്ച നടത്തിവരികയാണ്. മാതൃ കമ്പനിയായ യുബി ഗ്രൂപ്പില്‍ നിന്ന് 750 കോടി രൂപ എടുത്താണ് കമ്പനിയെ പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. എതിരാളികളായ ജെറ്റ് എയര്‍വേസും സ്‌പൈസ് ജെറ്റും ഇക്കുറി ലാഭത്തിലെത്തിയതും കിംഗ്ഫിഷറിനു വന്‍നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയിലെ ജീവനക്കാര്‍ക്കു കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഒരുവിഭാഗം പൈലറ്റുമാരും എന്‍ജിനീയര്‍മാരും സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.