ഒളിംപിക്‌സ്; യോഗേശ്വറിന് വെങ്കലം

single-img
11 August 2012

പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഹരിയാന സ്വദേശി യോഗേശ്വര്‍ ദത്ത് ഇന്ത്യക്ക് ലണ്ടനില്‍ വെങ്കല മെഡല്‍ സമ്മാനിച്ചു. ആദ്യ മത്സരത്തില്‍ ബള്‍ഗേറിയയുടെ അനാറ്റൊളി ഇല്ലാറിനോവിച്ച് ഗിയഡയെ 3-1നു പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്ന യോഗേശ്വര്‍ പക്ഷേ, അവിടെ പരാജയപ്പെട്ടു. റഷ്യയുടെ ഖുഡുഷോവ് ബെസിക്ക് ഏകപക്ഷീയമായ ജയമാണ് സ്വന്തമാക്കിയത്. സ്‌കോര്‍: 0-3.എന്നാല്‍, ഖുഡുഷോവ് ഫൈനലിലെത്തിയതോടെ യോഗേശ്വര്‍ റെപ്പഷാഷില്‍ കളിക്കാന്‍ യോഗ്യത നേടുകയായിരുന്നു. റെപ്പഷാഷ് റൗണ്ടില്‍ ആദ്യ രണ്ടു മത്സരങ്ങളിലും തകര്‍പ്പന്‍ ജയമാണ് യോഗേശ്വര്‍ നേടിയത്. ആദ്യ മത്സരത്തില്‍ പ്യൂട്ടോറിക്കോയുടെ ഫ്രാങ്ക്‌ളിന്‍ മാട്ടോസ് ഗോമസിനെ 3-0നു പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഉജ്വല പോരാട്ടത്തിലൂടെ ഇറാന്റെ ഇസ്മായില്‍ മസൂദിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 3-1. പിന്നീടായിരുന്നു വെങ്കലമെഡലിനായുള്ള മത്സരം. എതിരാളിയായി ഉത്തരകൊറിയിയുടെ റി ജോംഗ് മ്യോഗ്. ആദ്യ റൗണ്ട് മത്സരത്തില്‍ 1-0ന് ഉത്തരകൊറിയന്‍ താരം മുന്നില്‍. എന്നാല്‍, രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും തകര്‍പ്പന്‍ ജയത്തോടെ യോഗേശ്വര്‍ ഇന്ത്യയുടെ അഭിമാനമായി. 3-1ന് യോഗേശ്വറിന് വെങ്കലത്തിളക്കം.