സിപിഐയ്ക്ക് പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം

single-img
11 August 2012

സിപിഐയ്‌ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരോക്ഷവിമര്‍ശനം. ടി.പി. ചന്ദ്രശേഖരന്‍ വധവും ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും പരാമര്‍ശിച്ചാണ് പിണറായി സിപിഐയെ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്. സുഹൃത്ത് എന്ന് അഭിസംബോധന ചെയ്തായിരുന്നു പിണറായിയുടെ വിമര്‍ശനം. കണ്ണൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി.പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ നാടാകെ പ്രതിഷേധിക്കുമ്പോള്‍ കണ്ണൂരില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായി ഞങ്ങളുടെ ഒരു പ്രധാന സുഹൃത്തിനെ വിളിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറഞ്ഞ പിണറായി എങ്ങനെയുണ്ട് ഞങ്ങളുടെ കൂടെ നില്‍ക്കുന്ന സുഹൃത്തെന്ന് ചോദിച്ചു പരിഹസിക്കാനും മറന്നില്ല. ജയരാജന്റെ അറസ്റ്റിന് ശേഷം ചേര്‍ന്ന സമാധാനയോഗത്തില്‍ ജയരാജനെപ്പോലൊരു നേതാവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതല്ലേയെന്നാണ് എതിര്‍ചേരിയിലെ ഒരു സുഹൃത്ത് ചോദിച്ചതെന്ന് പറഞ്ഞ പിണറായി ഇത്രപോലും സഹകരണം സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന ധ്വനിയും ഈ പരാമര്‍ശത്തിലൂടെ നടത്തി.

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎം കൊലയാളി പാര്‍ട്ടിയാണെന്ന വ്യാപക പ്രചാരണം നടക്കുമ്പോള്‍ ഒരു സുഹൃത്ത് രംഗത്തെത്തി പറഞ്ഞത് ഞങ്ങളുടേത് കൊലയാളി പാര്‍ട്ടിയല്ലെന്നാണ്. പിന്നെ ആരാണ് കൊലയാളി പാര്‍ട്ടിയെന്നും പിണറായി ചോദിച്ചു. പാര്‍ട്ടിയെ ശത്രുക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ ഇവര്‍ക്ക് പിന്നില്‍ നിന്ന് ചില പ്രോത്സാഹനം നല്‍കുന്ന സമീപനമായിരുന്നു ഈ സുഹൃത്ത് ചെയ്തതെന്നും പിണറായി വിമര്‍ശിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആശയപരമായ പ്രശ്‌നങ്ങള്‍ വന്നപ്പോഴായിരുന്നു സിപിഎം ആയി പ്രവര്‍ത്തിക്കേണ്ടി വന്നതെന്ന് പറഞ്ഞ പിണറായി ഇതിനു ശേഷം തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ സിപിഎമ്മിനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി അംഗീകരിക്കുന്നതെന്നും പറഞ്ഞു. പ്രസ്ഥാനം ഉണ്ടായ കാലം മുതല്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന ഈ അതിക്രമങ്ങളെയും അതിജീവിക്കാന്‍ സിപിഎമ്മിനു കഴിയമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഓരോന്നായി തട്ടിപ്പറിച്ചെടുക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരുമെന്നും പിണറായി പറഞ്ഞു.