വിവാദ പ്രസംഗവുമായി വീണ്ടും മണി

single-img
11 August 2012

വിവാദ പ്രസംഗവുമായി വീണ്ടും മണി വേദിയില്‍. പീരുമേട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബാലുവിനെ കൊലപ്പെടുത്തിയത് തങ്ങള്‍ തന്നെയാണെന്ന് എം.എം. മണി. സിപിഎം പ്രവര്‍ത്തനായിരുന്ന അയ്യപ്പദാസിനെ കൊലപ്പെടുത്തിയത് ബാലു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാരാണെന്നും ഇതിന്റെ പ്രതികാരമായിട്ടാണ് ബാലുവിനെ കൊന്നതെന്നും മണി പറഞ്ഞു. അടിമാലി പത്താം മൈലില്‍ ഇന്നലെ നടന്ന ഒരു രാഷ്ട്രീയ യോഗത്തിലായിരുന്നു മണിയുടെ വിവാദപ്രസംഗം.

പ്രസംഗത്തിന്റെ മൊബൈല്‍ ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ മണക്കാട് സിപിഎം സംഘടിപ്പിച്ച ഒരു രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്‌ടെന്ന മണിയുടെ പ്രസംഗം വിവാദമായിരുന്നു. ഇതിന്റെ ഫലമായി സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ആറു മാസത്തെ സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. മണിക്കെതിരേ പോലീസ് കേസും എടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മണി വീണ്ടും വിവാദപ്രസംഗം ആവര്‍ത്തിച്ചിരിക്കുന്നത്.

ബാലു വധക്കേസില്‍ എട്ടു പേരെ കോടതി ശിക്ഷിച്ചതാണെന്നും ഇനി തന്നെ ഒന്നാം പ്രതിയാക്കി കേസെടുത്തത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മണി പറയുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെയും മണി വിമര്‍ശിച്ചു. ആരോമലിനെ ചതിച്ച ചന്തുവിന്റെ പണിയാണ് പന്ന്യന്‍ ചെയ്യുന്നത്. സിപിഎമ്മില്‍ നിന്ന് പത്ത് പേരെ കിട്ടുമോയെന്നാണ് നോക്കുന്നത്. എന്നാല്‍ പെണ്ണുപിടിച്ചതിന് പാര്‍ട്ടി പുറത്താക്കിയവരെയല്ലാതെ ആരെയും പന്ന്യന് കിട്ടില്ലെന്നും മണി പറഞ്ഞു.