രണ്ടാം ഘട്ട പരിശീലനത്തിനായി മോഹന്‍ലാല്‍ സൈനിക കേന്ദ്രത്തില്‍

single-img
10 August 2012

രണ്ടാം ഘട്ട സൈനിക പരിശീലനത്തിനായി ലഫ്. കേണല്‍ മോഹന്‍ലാല്‍ കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മി കേന്ദ്രത്തിലെത്തി. രാവിലെയെത്തിയ മോഹന്‍ലാലിന് ഊഷ്മളമായ സ്വീകരണമാണ് സൈനിക കേന്ദ്രത്തില്‍ നല്‍കിയത്. ജവാന്‍മാരെ പരിചയപ്പെടുന്ന ചടങ്ങിന് ശേഷം അദ്ദേഹം കമാന്‍ഡിംഗ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തി.ആര്‍മി ആസ്ഥാനത്ത് തയാറാക്കിയ മന്ദിറില്‍ പ്രത്യേക പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് ലാല്‍ സൈനിക പരിശീലനം ആരംഭിച്ചത്. ജവാന്‍മാരുടെ കലാ, കായിക ഇനങ്ങളും ആയുധപരിശീലനവും ഉള്‍പ്പെടെയാണ് രണ്ട് ദിവസത്തെ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ട മൈതാനത്ത് പോലീസും സൈനിക കേന്ദ്രത്തിലെ ജവാന്‍മാരും തമ്മില്‍ നടക്കുന്ന സൗഹൃദഫുട്‌ബോള്‍ മത്സരത്തിലും ലാല്‍ പങ്കെടുക്കും. രക്തദാനവും വൃക്ഷത്തൈ നടീലും ഉള്‍പ്പെടെയുള്ള പരിപാടികളും മോഹന്‍ലാലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സൈനിക കേന്ദ്രത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.