കാഷ്മീരില്‍ മരിച്ച ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു

single-img
10 August 2012

കാഷ്മീരില്‍ ആത്മഹത്യ ചെയ്ത മലയാളി ജവാന്‍ കിളിമാനൂര്‍ തട്ടത്തുമല മറവക്കുഴി കാര്‍ത്തികയില്‍ അരുണ്‍കുമാര്‍(26)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. ഇന്നലെ രാവിലെ എട്ടോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പ് അധികൃതര്‍ ഏറ്റുവാങ്ങി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അരുണിന്റെ ജന്മനാടായ കിളിമാനൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. വീട്ടുവളപ്പില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കാരം നടത്തി. അരുണിന്റെ മൃതദേഹം വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുന്നതിനായി ജനപ്രതിനിധികളോ ജില്ലാ ഭരണാധികാരികളോ എത്തിയിരുന്നില്ല.

വീട്ടുവളപ്പില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ എ.സമ്പത്ത് എംപി, ബി.സത്യന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വിശ്വമോഹനന്‍പിളള- അനിതകുമാരി ദമ്പതികളുടെ മൂത്തമകനായ അരുണ്‍ ഓണത്തിനു നാട്ടിലെത്തുമെന്നു മാതാപിതാക്കളെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് അരുണിന്റെ മരണവിവരം സൈനിക അധികൃതര്‍ വീട്ടില്‍ അറിയിച്ചത്. നാട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ സൈനിക ഉദ്യോഗസ്ഥനില്‍ നിന്നു തനിക്കു വധഭീഷണി ഉണ്ടായിരുന്നതായി മാതാപിതാക്കളെ അരുണ്‍ അറിയിച്ചിരുന്നു.