ഏപ്രില്‍ ഒന്നു മുതല്‍ പങ്കാളിത്ത പെന്‍ഷന്‍

single-img
9 August 2012

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കായിരിക്കും ഈ പദ്ധതി ബാധകമാകുക. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പെടുന്ന തുകയുടെ പത്തു ശതമാനമായിരിക്കും പെന്‍ഷന്‍ ഫണ്ടിലേക്കു ജീവനക്കാര്‍ നല്‍കേണ്ടത്. തത്തുല്യമായ തുക സര്‍ക്കാരും നല്‍കും. ശമ്പളത്തിനനുസരിച്ചു പെന്‍ഷന്‍വിഹിതത്തില്‍ വ്യത്യാസം വരുമെന്നര്‍ഥം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സര്‍ക്കാരിനു നേട്ടമൊന്നുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. നിലവിലുള്ളവര്‍ക്കു പെന്‍ഷന്‍ കൊടുക്കുന്നതു കൂടാതെ പെന്‍ഷന്‍വിഹിതം കൂടി കൂടുതലായി നല്‍കേണ്ടിവരും. സര്‍ക്കാരിന്റെ ചെലവു യഥാര്‍ഥത്തില്‍ വര്‍ധിക്കുകയാണ്. എന്നാല്‍, ഇങ്ങനെയൊരു തീരുമാനമെടുക്കാതെ സര്‍ക്കാരിന് അധികകാലം മുന്നോട്ടു പോകാനാകില്ല. കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഒഴികെ ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിക്കഴിഞ്ഞു.