പഴശി ഡാം സുരക്ഷിതം

single-img
9 August 2012

പതിനഞ്ചു മണിക്കൂറുകളോളം കവിഞ്ഞൊഴുകിയിട്ടും പഴശി അണക്കെട്ടിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട്. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയറുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ അണക്കെട്ടിന്റെ മുകളിലെ പാലത്തില്‍ ചിലയിടങ്ങളില്‍ വിള്ളല്‍ വീണിട്ടുണ്ട്. വെളിയമ്പ്ര, കുയിലൂര്‍ ഭാഗത്തേക്കു നിരവധി വാഹനങ്ങള്‍ പ്രതിദിനം കടന്നുപോകുന്ന പാലമാണിത്. 33 വര്‍ഷത്തോളം പഴക്കമാണു പഴശി ഡാമിനുള്ളത്. കരിങ്കല്‍പാറയ്ക്കു മുകളിലാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. കരിങ്കല്ലും സിമന്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇരുവശങ്ങളിലും ശക്തമായ കരിങ്കല്‍കെട്ടുകളുമുണ്ട്. മലവെള്ളപ്പാച്ചിലില്‍ ഡാം പിടിച്ചുനിന്നത് ഇതിന്റെ ബലത്തിലാണെന്നു കരുതുന്നു. 1979 ല്‍ പൂര്‍ത്തിയായ അണക്കെട്ടിന്റെ നിര്‍മാണത്തില്‍ അഴിമതി നടക്കാതിരുന്നതും ഡാമിനു തുണയായെന്നു കരുതാം. ആറുമണിക്കൂര്‍ കവിഞ്ഞൊഴുകിയാല്‍തന്നെ ഡാം തകരുമെന്നിരിക്കെ 15 മണിക്കൂറുകളോളം വെള്ളം കുത്തിയൊഴുകിയിട്ടും ഒന്നും സംഭവിക്കാതിരുന്നതു ഡാമിന്റെ ഉറപ്പുകൊണ്ടാണെന്നു ജലസേചനമന്ത്രി പി.ജെ. ജോസഫ് വ്യക്തമാക്കി.