മന്ത്രി ഗണേഷിനെതിരെ നടി ശ്രീവിദ്യയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി

single-img
8 August 2012

അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമനും ബന്ധുക്കളും മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കി. ശ്രീവിദ്യയുടെ വില്‍പ്പത്ര പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചാണു പരാതി. ശങ്കരരാമന്റെ മക്കള്‍ക്കു കൊടുക്കണമെന്നു വ്യവസ്ഥ ചെയ്തിരുന്ന പത്തുലക്ഷം രൂപ കൊടുത്തില്ലെന്നും നാട്യകല പ്രോത്സാഹിപ്പിക്കുന്നതിന് വില്‍പ്പത്രത്തില്‍ പറഞ്ഞ പോലെ ട്രസ്റ്റ് രൂപീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. ഒളിംപിക്‌സ് മത്സരങ്ങള്‍ കാണാന്‍ ലണ്ടനില്‍ പോയിരിക്കുന്ന മന്ത്രി ഗണേഷ്‌കുമാര്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ പരാതി പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശങ്കരരാമനെയും ബന്ധുക്കളെയും അറിയിച്ചു. തന്റെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോകാതെ സൂക്ഷിക്കുന്നതിനും നൃത്തം, സംഗീതം എന്നീ മേഖലകളില്‍ പ്രാവീണ്യം നേടുന്നവര്‍ക്കു പ്രോത്സാഹനം നല്‍കുന്നതിനും ട്രസ്റ്റ് രൂപീകരിക്കണമെന്നും അതിന്റെ ചെയര്‍മാന്‍ സ്ഥാനം കെ.ബി.ഗണേഷ്‌കുമാര്‍ വഹിക്കണമെന്നും ശ്രീവിദ്യയുടെ വില്‍പത്രത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.