ഉരുള്‍പൊട്ടല്‍: മരണം എട്ടായി

single-img
7 August 2012

കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ ഇന്നലെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെയാണ് മരിച്ചത്. ആനക്കാംപൊയില്‍ ചെറുശ്ശേരിയില്‍ തുണ്ടത്തില്‍ ബിജുവിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ ഇവരുടെ വീട് പാടേ ഒലിച്ചുപോയി. ബിജുവിന്റെ ഭാര്യ ലിസി, ബിജുവിന്റെ പിതാവ് ഔസേപ്പ് (ജോസഫ്-60), ബിജുവിന്റെ അമ്മ ഏലിക്കുട്ടി, ബിജു-ലിസി ദമ്പതികളുടെ മകന്‍ കുട്ടൂസ്, രണ്ട് വയസുളള മറ്റൊരു മകന്‍ എന്നിവരാണ് മരിച്ചത്. ഇന്നു നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്‌ടെടുത്തത്. പടന്നമാക്കല്‍ ബിനുവിന്റെയും ഷീനയുടെയും മകള്‍ ആനക്കാംപൊയില്‍ സെന്റ് മേരീസ് യുപിസ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ജ്യോത്സന(9), ഉരുള്‍പൊട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുത്തന്‍പുരയില്‍ വര്‍ക്കി(73), കോടഞ്ചേരി പഞ്ചായത്തില്‍ മഞ്ഞുവയല്‍ പൊട്ടന്‍കോട് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ മഞ്ഞുവയല്‍ പാലത്തൊടുകയില്‍ ഗോപാലന്‍ (78) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. വര്‍ക്കിയെ പരിക്കുകളോടെ ഓമശേരി സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ വര്‍ക്കിയുടെ കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നിരുന്നു.