ആലപ്പോയില്‍ ഉഗ്രയുദ്ധം; 20,000 സിറിയന്‍ സൈനികര്‍ രംഗത്ത്

single-img
6 August 2012

ആലപ്പോ നഗരത്തില്‍നിന്നു വിമതരെ തുരത്താനുള്ള യുദ്ധത്തിനായി 20,000 സൈനികരെ സിറിയന്‍ഭരണകൂടം രംഗത്തിറക്കിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകളുമായെത്തിയ സൈന്യം വിമതകേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണം ആരംഭിച്ചു. വരുംദിവസങ്ങളില്‍ യുദ്ധം രൂക്ഷമാകാനാണിട. ഡമാസ്‌കസില്‍നിന്നു വിമതരെ തുരത്തിയതായി സൈന്യം അവകാശപ്പെട്ടു. എന്നാല്‍ ഒരു കേന്ദ്രത്തില്‍നിന്ന് തങ്ങള്‍ തന്ത്രപൂര്‍വം പിന്‍വാങ്ങുകയായിരുന്നുവെന്ന് വിമതര്‍ പറഞ്ഞു. ഡമാസ്‌കസിലെ സയിദാ സയിനാബ് തീര്‍ഥകേന്ദ്രത്തിനടുത്തുനിന്ന് ശനിയാഴ്ച വിമതര്‍ തട്ടിക്കൊണ്ടുപോയ 48 ഇറാന്‍കാരെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. തട്ടിയെടുത്ത ഇറാന്‍കാരില്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡിലെ ചിലരും ഉണ്ട്. വിമതരുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തുന്ന ടര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സഹായം ഇറാന്‍ തേടിയിട്ടുണ്ട്.