നെല്ലിയാമ്പതി: എം.എം. ഹസന്‍ ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

single-img
6 August 2012

നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ യുഡിഎഫ് രൂപീകരിച്ച ഉപസമിതിയുടെ കണ്‍വീനര്‍ സ്ഥാനം എം.എം. ഹസന്‍ രാജിവെച്ചു. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഹസന്‍ രാജിക്കാര്യം അറിയിച്ചത്. വി.ഡി. സതീശന്റെയും ടി.എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഒരു സംഘം യുഡിഎഫ് എംഎല്‍എമാര്‍ വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോട ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ ആക്ഷേപത്തോടെ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായി. ഇത് യുഡിഎഫ് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് മനസിലാക്കിയതിനാലാണ് രാജിവെയ്ക്കുന്നത്. ഉപസമിതിയുടെ കണ്‍വീനര്‍ ചുമതലയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തീരുമാനിച്ചതായും രാജി മാത്രമാണ് പ്രതിവിധിയെന്നും ഹസന്‍ പറഞ്ഞു. കമ്മറ്റിയിലെ ബാക്കിയുള്ളവരുടെ കാര്യം തനിക്കറിയില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. പി.സി. ജോര്‍ജ് നടത്തിയ അഭിപ്രായപ്രകടനങ്ങളോട് യോജിക്കുന്നില്ലെന്നും ഹസന്‍ വ്യക്തമാക്കി.