ഹസാരെ സംഘം പിരിച്ചുവിട്ടതായി അന്നാ ഹസാരെ

single-img
6 August 2012

രാജ്യത്തെ അഴിമതി വിരുദ്ധ പ്രതിഷേധങ്ങള്‍ക്കായി രൂപം നല്‍കിയ ഹസാരെ സംഘം പിരിച്ചുവിട്ടതായി സംഘം നേതാവ് അന്നാ ഹസാരെ വ്യക്തമാക്കി. സംഘത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് നീക്കം. തന്റെ ബ്ലോഗിലൂടെയാണ് സംഘം പിരിച്ചുവിട്ടതായി അന്നാ ഹസാരെ അറിയിച്ചത്. ശക്തമായ ലോക്പാല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ എത്രകാലം നിരാഹാര സമരവുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്ന് ഹസാരെ ചോദിക്കുന്നു. നിരാഹാര സമരമുറ അവസാനിപ്പിക്കാനും അഴിമതി നേരിടാന്‍ ബദല്‍ രാഷ്ട്രീയ നീക്കം നടത്താനുമാണ് ഇപ്പോള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അന്നാ ഹസാരെ പറയുന്നു. ഇന്നു മുതല്‍ ഹസാരെ സംഘമോ ഹസാരെ സംഘം കോര്‍കമ്മറ്റിയോ നിലവിലുണ്ടായിരിക്കുന്നതല്ലെന്നും ഹസാരെ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹസാരെ വ്യക്തമാക്കിയിട്ടില്ല.