ഗണേഷിനെ മുഖ്യമന്ത്രി ഹൈജാക്ക് ചെയ്തു; ബാലകൃഷ്ണപിള്ള

single-img
5 August 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രംഗത്ത്. കെ.ബി. ഗണേഷ്‌കുമാര്‍ തങ്ങളുടെ മന്ത്രിയാണെന്നും തങ്ങളുടെ മന്ത്രിയെ മുഖ്യമന്ത്രി ഹൈജാക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാര്‍ട്ടിയില്‍നിന്നു മന്ത്രിയായ ആള്‍ തങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. പാര്‍ട്ടിക്കാണു വകുപ്പു കൊടുത്തിരിക്കുന്നതെന്നും മന്ത്രിക്കല്ല. മന്ത്രിയുടെ ഓഫീസിലിരുന്ന് അദ്ദേഹത്തിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അഴിമതി നടത്തുകയാണ്. നിയമനങ്ങളില്‍പ്പോലും ഇടപെടല്‍ ഉണ്ട്. കേരള കോണ്‍ഗ്രസ്-ബിക്ക് എതിരേ പാര്‍ട്ടി ഉണ്ടാക്കുന്നതിനു പണം പിരിക്കുന്നതും ഈ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. മന്ത്രി ഗണേഷ്‌കുമാറിനു പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. മന്ത്രിസഭാ രൂപവത്കരണ സമയത്ത് പാര്‍ട്ടിക്ക് യാതൊരു വകുപ്പും ഇല്ലാതിരുന്നപ്പോള്‍ താനാണു വകുപ്പിനുവേണ്ടി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തിയത്. അന്ന് ഒരു ദിവസം മാത്രം ഗണേഷ്‌കുമാര്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. അതിനുശേഷം മന്ത്രിയെ കണ്ടിട്ടില്ലെന്നും പിള്ള പറഞ്ഞു.

യുഡിഎഫ് പലതവണ തന്നെ വിളിച്ചുവരുത്തി കളിയാക്കി, പാര്‍ട്ടിയെ അപമാനിച്ചു. ഇനി യുഡിഎഫുമായി ചര്‍ച്ചയ്ക്കില്ല. യുഡിഎഫ് നേതൃയോഗങ്ങളിലും ഇനി പങ്കെടുക്കില്ല. കല്യാണം കഴിഞ്ഞും ബ്രഹ്മചാരിയായി കഴിയേണ്ട ഗതികേടാണ് ഇന്നു പാര്‍ട്ടിക്കുള്ളത്. യുഡിഎഫില്‍ നിന്നു മരിക്കണമെന്നാണ് തന്റെ ആഗ്രഹം. അതിനാലാണ് പാര്‍ട്ടിവിട്ടു പോകാത്തത്. മന്ത്രിക്കു വനം വകുപ്പ് വേണ്ട എന്നു പറഞ്ഞ സ്ഥിതിക്ക് വകുപ്പ് തിരിച്ചെടുക്കുന്നതിനു പാര്‍ട്ടിക്കു സമ്മതമാണ്. അദ്ദേഹം പറഞ്ഞു.