പിസി ജോര്‍ജിനെതിരേ കെഎസ്‌യു പ്രമേയം

single-img
4 August 2012

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരേ കെഎസ്‌യു സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കിയതായി സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി അറിയിച്ചു. കേരള രാഷ്ട്രീയത്തിലെ ശല്യക്കാരനായ വ്യവഹാരിയായി ജോര്‍ജ് മാറിയതായി വി.എസ്. ജോയി പത്രസമ്മേളനത്തില്‍ ആരോപിച്ചു. സംസ്ഥാനത്തെ യുഡിഎഫ് രാഷ്ട്രീയത്തില്‍ എച്ച്1, എന്‍1 പരത്തുന്ന അപകടകാരിയായ വൈറസ് ആണ് പി.സി. ജോര്‍ജ്. അദ്ദേഹം ശൈലി തിരുത്താന്‍ തയാറാവണം. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വം മുന്നണി മര്യാദ പാലിക്കുന്നതിനാലാണു ജോര്‍ജിന് ഇങ്ങനെ പുലഭ്യം പറഞ്ഞു നടക്കാന്‍ കഴിയുന്നത്. യുഡിഎഫിനു ദുര്‍ബലമായ ഭൂരിപക്ഷമാണെന്നതിനാലാണു കോണ്‍ഗ്രസിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ജോര്‍ജ് ശ്രമിക്കുന്നത്. ജോര്‍ജിനെ നിയന്ത്രിക്കാന്‍ നേതൃത്വത്തിനു കഴിയണം. നേതൃത്വം അതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷ. ജോര്‍ജ് സ്വയം നിയന്ത്രിക്കാന്‍ തയാറായില്ലെങ്കില്‍ കെഎസ്‌യുവിന്റെ ഭാഗത്തുനിന്ന് എന്തു തരത്തിലുള്ള നടപടി സ്വീകരിക്കണമെന്നു തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല – ജോയി പറഞ്ഞു.