ബോക്‌സിംഗ്: വികാസ് കൃഷന് ആദ്യം വിജയം; പിന്നെ പുറത്തായി

single-img
3 August 2012

ലണ്ടന്‍ ഒളിമ്പിക്‌സില്‍ 69 കിലോഗ്രാം ബോക്‌സിംഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച വികാസ് കൃഷന്‍ പുറത്തായി. അമേരിക്കന്‍ താരം എറോള്‍ സ്‌പെന്‍സുമായിട്ടായിരുന്നു വികാസ് ഏറ്റുമുട്ടിയത്. 13-11 ന് ആദ്യം വിജയിച്ചതായി പ്രഖ്യാപിച്ച വികാസ് കൃഷനെ അമേരിക്കയുടെ പരാതിയെ തുടര്‍ന്ന് വീണ്ടും മത്സരം വിലയിരുത്തിയ അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷന്റെ മത്സര ജൂറിയാണ് പുറത്താക്കിയത്. മൂന്നാം റൗണ്ടില്‍ മാത്രം വികാസ് ഒന്‍പത് പിഴവുകള്‍ വരുത്തിയതായി ജൂറി വിലയിരുത്തി. എന്നാല്‍ മാച്ച് റഫറി ഒരു തവണ മാത്രമേ പിഴവ് മാര്‍ക്ക് ചെയ്തുള്ളു. രണ്ടാം റൗണ്ടിലും മനപ്പൂര്‍വം വികാസ് പിഴവ് വരുത്തിയതായി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജൂറി കണ്‌ടെത്തി. അസോസിയേഷന്റെ സാങ്കേതിക മത്സര നിയമപ്രകാരം റഫറി രണ്ട് തവണയെങ്കിലും വികാസിന് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്ന് ജൂറി വിലയിരുത്തി. തുടര്‍ന്ന് സ്‌പെന്‍സിന് നാല് പോയിന്റുകള്‍ കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 13-15 എന്ന നിലയില്‍ സ്‌പെന്‍സ് മത്സരം വിജയിച്ച് ക്വാര്‍ട്ടറിലെത്തുകയായിരുന്നു.