പി.സി. ജോര്‍ജിനെ കയറൂരിവിട്ടവര്‍ നിയന്ത്രിക്കണമെന്ന് വി.ഡി. സതീശന്‍

single-img
3 August 2012

പി.സി. ജോര്‍ജിനെ കയറൂരി വിട്ടവര്‍ അദ്ദേഹത്തെ നിയന്ത്രിക്കണമെന്ന് വി.ഡി. സതീശന്‍ എംഎല്‍എ. ടി.എന്‍ പ്രതാപനെതിരേ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. കോണ്‍ഗ്രസ് എംഎല്‍എമാരുടെ മെക്കിട്ട് കയറാന്‍ ആരെയും അനുവദിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്‍പും വിഷയം ഉന്നയിച്ചിരുന്നു. അന്ന് ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ജോര്‍ജ് മാപ്പുപറഞ്ഞതാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിന്നീടും ഇത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്. വഴിനടക്കുന്നവര്‍ പോലും കോണ്‍ഗ്രസ് എംഎല്‍എമാരെ ആക്ഷേപിക്കുന്നതില്‍ നിന്ന് അവരെ രക്ഷിക്കാനുള്ള പൂര്‍ണമായ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും കെപിസിസി അധ്യക്ഷനുമുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ യുഡിഎഫ് രാഷ്ട്രീയത്തെ തന്നെ അത് ഗുരുതരമായി തകര്‍ക്കുമെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി. പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളെക്കാള്‍ നേതാക്കളുടെ പ്രതികരണങ്ങളാണ് തങ്ങളെ വേദനിപ്പിച്ചതെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.