പൂനയില്‍ നാലു ബോംബ് സ്‌ഫോടനങ്ങള്‍

single-img
2 August 2012

കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനത്തിനു തൊട്ടുമുമ്പ് പൂന നഗരത്തിന്റെ നാലിടങ്ങളില്‍ നാലു ബോംബു സ്‌ഫോടനങ്ങള്‍. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ സ്‌ഫോടനങ്ങള്‍ താരതമ്യേന ശക്തികുറഞ്ഞതായിരുന്നുവെന്നു പോലീസ് അറിയിച്ചു. ജുംഗ്‌ളി മഹാരാജ് റോഡില്‍ ദേന ബാങ്ക്, ബാല്‍ ഗന്ധര്‍ക്ക് തീയറ്റര്‍, മക്‌ഡോണാള്‍ഡ് ഔട്ട്‌ലെറ്റ് എന്നിവയ്ക്കു സമീപവും ഗര്‍വാരെ ചൗക്കില്‍ റോഡരികിലെ ചവറു കൂനയില്‍ മറ്റൊരു സ്‌ഫോടനവുമാണുണ്ടായത്. എന്നാല്‍ ചവറു കൂനയ്ക്കു സമീപത്തേക്കു പ്ലാസ്റ്റിക് ബാഗില്‍ ബോംബു കൊണ്ടുപോകവെയാണു പൊട്ടിത്തെറിച്ചതെന്നു കരുതുന്നതായി പോലീസ് കമ്മീഷണര്‍ ഗുലബ്രാവോ പറഞ്ഞു. സംഭവമറിഞ്ഞ്് ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും ഭീകരവിരുദ്ധ വിഭാഗവും രണ്ടിടങ്ങളിലുമെത്തി പരിശോധന നടത്തി. എന്‍എസ്ജി, എന്‍ഐഎ വിഭാഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. തീവ്രവാദി ആക്രമണമല്ലെന്നാണ് പോലീസ് പറയുന്നത്.