നിരോധനം ലംഘിച്ച് പ്രകടനം നടത്തിയതിന് സിപിഎം നേതാക്കള്‍ക്കെതിരേ കേസ്

single-img
2 August 2012

നിരോധനം ലംഘിച്ച് പ്രകടനം നടത്തിയതിന് സിപിഎം നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കണ്ണൂര്‍ പോലീസ് കേസെടുത്തു. പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പി.കെ. ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒന്‍പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉച്ചയോടെ കണ്ണൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് വകവെക്കാതെ വൈകിട്ട് നാല് മണിക്കായിരുന്നു എസ്പി ഓഫീസ് മാര്‍ച്ച്.