സിപിഎം ഹര്‍ത്താല്‍ പൂര്‍ണ്ണം; അങ്ങിങ്ങ് അക്രമം

single-img
2 August 2012

ഷുക്കൂര്‍ വധക്കേസില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. കാസര്‍ഗോഡും കോഴിക്കോടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് നാദാപുരം വിലങ്ങാട്ട് കോണ്‍ഗ്രസ് ഓഫീസിന് തീവെച്ചു. നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഒരാളുടെ പലചരക്കുകടയും തകര്‍ത്തു. കാലിക്കടവില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു. പുല്ലൂരിലും കോണ്‍ഗ്രസ് ഓഫീസിന് തീവെച്ചു. കണ്ണൂരില്‍ സ്റ്റേഷന്‍ റോഡിലെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേര്‍ക്ക് പ്രത്യാക്രമണവുമുണ്ടായി. തിരുവനന്തപുരം കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ മുറി ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. നെടുമങ്ങാട് രണ്ടു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കൊച്ചിയില്‍ രാവിലെ വൈപ്പിനിലും പാലാരിവട്ടം ബൈപ്പാസിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കൊല്ലത്ത് കുളത്തൂപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.