ചിദംബരം വീണ്ടും ധനകാര്യമന്ത്രിയാകും; ഷിന്‍ഡേക്ക് ആഭ്യന്തരം

single-img
31 July 2012

കേന്ദ്രമന്ത്രിസഭയുടെ സുപ്രധാനവകുപ്പുകളില്‍ അഴിച്ചുപണി. ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനം ഉടന്‍ ഉണ്ടാകും. ആഭ്യന്തരമന്ത്രിയും മുന്‍ ധനകാര്യ മന്ത്രിയുമായ പി.ചിദംബരത്തെ ധനവകുപ്പിലേക്ക് തിരികെ കൊണ്ടുവരാനാണ് തീരുമാനം. പ്രണാബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ ധനമന്ത്രിയെ നിയമിക്കേണ്ടിവന്നത്. ധനകാര്യവിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ധനകാര്യവകുപ്പ് കൈവശംവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിദംബരത്തെപ്പോലുള്ള ഒരാള്‍ മന്ത്രിസഭയിലുള്ളപ്പോള്‍ ധനകാര്യവകുപ്പ് അദ്ദേഹത്തെ ഏല്‍പ്പിക്കുകയാകും നല്ലതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് അഭിപ്രായം വന്നതിനെത്തുടര്‍ന്നാണ് ചിദംബരത്തിന് വീണ്ടും ധനകാര്യവകുപ്പിലേക്കുള്ള മാറ്റത്തിന് വഴിതെളിഞ്ഞത്. ചിദംബരത്തിന് പകരം ഊര്‍ജവകുപ്പ് മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ആഭ്യന്തരമന്ത്രിയാകും. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ഷിന്‍ഡേയെ ലോക്‌സഭാ നേതാവാക്കാനാണ് തീരുമാനം. ലോക്‌സഭാ നേതാവാകുന്ന മന്ത്രിക്ക് പ്രധാനപ്പെട്ട വകുപ്പുകളിലൊന്ന് നല്‍കേണ്ടതാണെന്നതും ഷിന്‍ഡെയ്ക്ക് ആഭ്യന്തരവകുപ്പിലേക്ക് വഴിതെളിക്കുകയായിരുന്നു. പ്രണാബ് മുഖര്‍ജിയായിരുന്നു നേരത്തെ ലോക്‌സഭാ നേതാവ്.