ഷുക്കൂര്‍ വധം: ടി.വി. രാജേഷിനെ ചോദ്യം ചെയ്തു

single-img
30 July 2012

മുസ്‌ലിംലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയിലിലെ അബ്ദുള്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തു. രാവിലെ 11 ന് ടൗണ്‍ സിഐ ഓഫീസില്‍ ഹാജരാകാന്‍ രാജേഷിന് നേരത്തെ പോലീസ് നോട്ടീസ് നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 75 ഓളം ചോദ്യങ്ങള്‍ പോലീസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യുമ്പോള്‍ തയാറാക്കിയിരുന്ന ചോദ്യങ്ങളും പോലീസ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എസ്പി രാഹുല്‍ ആര്‍. നായര്‍, കണ്ണൂര്‍ ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ യു. പ്രേമന്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് രാജേഷിനെ ചെയ്തത്. അറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞതായി രാജേഷ് ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. എല്ലാവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുപോലെയേ തന്നെയും വിളിപ്പിച്ചുള്ളൂവെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. രാജേഷിനെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പോലീസ് സ്്‌റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കിയിരുന്നു. കണ്ണൂര്‍ നഗരത്തിലും ചോദ്യം ചെയ്യുന്ന സിഐ ഓഫീസ് പരിസരത്തും സായുധ പോലീസിനെയും വിന്യസിച്ചിരുന്നു.