ആലപ്പോയില്‍ നിന്നും കൂട്ടപ്പാലയനം

single-img
30 July 2012

സിറിയന്‍ സേനയും വിമതരും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന ആലപ്പോ നഗരത്തില്‍നിന്നു രണ്ടുലക്ഷം പേര്‍ ഇതിനകം പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ടാങ്കുകളുടെയും പീരങ്കികളുടെയും യുദ്ധവിമാനങ്ങളുടെയും സഹായത്തോടെ സൈന്യം ആക്രമണം ശക്തമാക്കി. വിമതരുടെ നിയന്ത്രണത്തിലുള്ള സലഹെദ്ദീന്‍ മേഖല തിരിച്ചുപിടിച്ചെന്നും വിമതര്‍ക്ക് കനത്തനാശം നേരിട്ടെന്നും സ്റ്റേറ്റ് ടിവി അറിയിച്ചു. എന്നാല്‍ ഇവിടെ പോരാട്ടം തുടരുകയാണെന്ന് വിമത കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മൂന്നുദിവസത്തിനകം ആലപ്പോയില്‍ നിന്ന് രണ്ടുലക്ഷം പേരെങ്കിലും പലായനം ചെയ്‌തെന്ന് യുഎന്‍ ഉദ്യോഗസ്ഥ വലേറി ആമോസ് പറഞ്ഞു. പലരെയും നഗരത്തിനു വെളിയിലുള്ള സ്‌കൂളുകളിലും മറ്റു പൊതു മന്ദിരങ്ങളിലും പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് അടിയന്തരമായി ഭക്ഷണവും ഔഷധവും എത്തിക്കണമെന്ന് ആമോസ് പറഞ്ഞു. സിറിയന്‍ റെഡ്ക്രസന്റും യുഎന്നും സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഒട്ടേറെപ്പേര്‍ സമീപ രാജ്യമായ ടര്‍ക്കിയിലേക്കു പലായനം ചെയ്തു.