ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ ഗഗന്‍ നാരംഗിന് വെങ്കലം; ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

single-img
30 July 2012

ഒളിമ്പിക്‌സ് ഷൂട്ടിംഗ് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ ഗഗന്‍ നാരംഗിന് വെങ്കലം. ലണ്ടന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. റുമാനിയയുടെ അലിന്‍ ജോര്‍ജ് മൊള്‍ഡണ്‍ാവിയാനോ സ്വര്‍ണവും ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനി വെള്ളിയും നേടി. യോഗ്യതാ റൗണ്ടില്‍ 600ല്‍ 598 പോയിന്റ് നേടി മൂന്നാമനായാണ് നാരംഗ് ഫൈനലിന് യോഗ്യത നേടിയത്. അവസാന റൗണ്ട് വരെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഫൈനലില്‍ ആകെ 701.1 പോയിന്റ് നേടിയാണ് ഗഗന്‍ വെങ്കലം ഉറപ്പാക്കിയത്. ഇടയ്ക്ക് രണ്ടാം സ്ഥാനത്തെത്തിയ ഗഗന് രണ്ടു ഷോട്ടുകള്‍ പിഴച്ചത് വിനയായി. എങ്കിലും അവസാന ഷോട്ടില്‍ 10.7 പോയിന്റ് നേടി ഉജ്ജ്വലമായി തിരിച്ചുവന്ന ഗഗന്‍ വെങ്കലം ഉറപ്പാക്കുകയായിരുന്നു. യോഗ്യതാ റൗണ്ടിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ തന്നെയാണ് ഫൈനലിലും ആദ്യ മൂന്ന് സ്ഥാനക്കാരായത്. മുമ്പ് ലോകകപ്പ്, ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയിലും മെഡലിണിഞ്ഞ നാരംഗിന്റെ ആദ്യ ഒളിമ്പിക് മെഡലാണിത്. ബെയ്ജിംഗില്‍ നാരംഗിന് ഫൈനലിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.