35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: അധിക ചെലവ് 12 കോടിയെന്ന് ധനവകുപ്പ്

single-img
29 July 2012

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതു സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു ധനവകുപ്പ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി.പ്രതിമാസം ഒരു കോടി രൂപയുടെ അധികച്ചെലവു വരുമെന്നു കാണിച്ചുള്ള ധനവകുപ്പിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. വിഷയം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ എത്തുമെന്നാണു സൂചന. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തോടു ധനവകുപ്പ് നേരത്തെയും വിയോജിപ്പു രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍, ഈ വിയോജിപ്പു മറികടന്നു മലബാറിലെ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിക്കുകയായിരുന്നു. 35 സ്‌കൂളുകളും ഒരു പ്രത്യേക വിഭാഗത്തിന്റേതാണെന്ന വെളിപ്പെടുത്തല്‍ വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. എസ്എന്‍ഡിപി, എന്‍എസ്എസ് നേതാക്കളും നീക്കത്തെ അപലപിച്ചിരു ന്നു. കഴിഞ്ഞ കെപിസിസി യോഗത്തിലും ഇക്കാര്യം വന്‍ പ്രതിഷേധത്തിനു വഴിവച്ചു. പ്രതിപക്ഷം നിയമസഭയിലും പ്രതിഷേധിച്ചു. തുടര്‍ന്നാണ് ഫയല്‍ വീണ്ടും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചത്.