പ്രതിപക്ഷനേതാവിന്റെ വാഹനാപകട മരണം; കാരണം അമിതവേഗമെന്നു ക്യൂബന്‍ സര്‍ക്കാര്‍

single-img
28 July 2012

പ്രതിപക്ഷനേതാവ് ഓസ്‌വാള്‍ഡോ പായാ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹതയില്ലെ ന്നും അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിനിടയാക്കിയതെന്നും ക്യൂബന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണു കിഴക്കന്‍ പ്രവിശ്യയായ ഗ്രാന്‍മായിലെ ബായാമോ നഗരത്തിനടുത്തു കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ പായാ മരിച്ചത്. അപകടത്തില്‍ ദുരൂഹതയുണെ്ടന്നും സര്‍ക്കാരിനു പങ്കുണെ്ടന്നും കുടുംബാംഗങ്ങളും പ്രതിപക്ഷപ്രവര്‍ത്തകരും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നത്. അപകടത്തില്‍ പായായ്‌ക്കൊപ്പം ഡ്രൈവറും മരിച്ചിരുന്നു. പിന്‍സീറ്റിലുണ്ടായിരുന്ന സ്വീഡിഷ് പൗരന്‍ ജെന്‍സ് ആറോന്‍ മൊഡിഗ്, സ്പാനിഷ് രാഷ്ട്രീയപ്രവര്‍ത്തക ഏഞ്ചല്‍ കാറോമെറോ എന്നിവര്‍ക്കു പരിക്കേറ്റു. അപകടം നടന്ന റോഡില്‍ അറ്റകുറ്റപ്പണി നടന്നുവരുകയായിരുന്നുവെന്നും ഇതും അപകടത്തിനു വഴിവച്ചെന്നും മന്ത്രാലയം അറിയിച്ചു. ഡ്രൈവറും പായായും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വിശദാംശങ്ങളും ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.